Saturday 23 June, 2007

വികസനപ്രവര്‍ത്തങ്ങളുടെ ചരിത്രം

വികസനപ്രവര്‍ത്തങ്ങളുടെ ചരിത്രം 1947-1961

സ്വാതന്ത്ര്യം കിട്ടിയകാലത്ത്‌ ഏലംകുളത്ത്‌ രൂക്ഷമായ ഭക്ഷണ ക്ഷാമമായിരുന്നു. ഇത്‌ ഏകദേശം 1956 വരെ നീണ്ടുനിന്നു. ഐക്യകേരളപ്പിറവിക്ക്‌ തൊട്ടുമ്ന്‍പുവരെ ഈ ക്ഷാമാവസ്ഥ നിലനിന്നിട്ടുണ്ട്‌.


1948-51 കാലത്ത്‌ ഈ ഗ്രാമത്തിലും കമ്യൂണിസ്റ്റ്‌ വേട്ടനടന്നിട്ടുണ്ട്‌. താമരശ്ശേരി ഉണ്ണിപ്പ, പാലേങ്ങള്‍ വീരാന്‍ കുട്ടി, മുള്ളത്ത്‌ രാമന്‍ നായര്‍, മുണ്ട്രപ്പള്ള്യാലില്‍ ഗോവിന്ദന്‍ നായര്‍, എം.പി.കുഞ്ഞികൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ അതിന്റെതായ വിഷമങ്ങള്‍ അനുഭവിച്ചിട്ടുണ്ട്‌. കമ്യൂണിസ്റ്റ്‌ പ്രസ്ഥാനവുമായി ബന്ധപ്പെട്ട്‌ സി.ജിനായര്‍, പി.വി കുഞ്ഞന്‍ വാരിയര്‍,സി.കെ.കൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ സജീവമായി രംഗത്തുണ്ടായിരുന്നു. ശ്രീ അവറാന്‍ ഹാജി പ്രധാന ലീഗ്‌ പ്രവര്‍ത്തകനായിരുന്നു. ആശയപരമായ പ്രവര്‍ത്തനമാണ്‌ നടത്തിയിരുന്നത്‌. രാഷ്ട്രീയ സൌഹാര്‍ദ്ദം നിലനിന്നിരുന്നു.

19526 മലബാര്‍ ഡിസ്ട്രിക്ട്‌ ബോര്‍ഡില്‍ തെരഞ്ഞെടുപ്പ്‌ നടന്നു. പി.ടി.ഭാസ്കരപ്പണിക്കരുടെ നേറ്റൃൗത്വത്തില്‍ പുതിയ ബോര്‍ഡ്‌ വന്നു. കുന്നക്കാവ്‌ എല്‍.പി സ്കൂള്‍, യു.പി. സ്കൂളായി ഉയര്‍ത്തി. പിന്നീട്‌ 1970കളുടെ അവസാനത്തോടെ അത്‌ ഹൈസ്കൂളായി ഉയര്‍ത്തി.

1951ല്‍ കുന്നക്കാവ്‌ പോസ്റ്റാഫീസ്‌ വന്നു. അതിനുമുന്‍പ്‌ ചെറുകരയിലായിരുന്നു പോസ്റ്റാഫീസ്‌. തപാല്‍ക്കാരന്‍ എപ്പോഴെങ്കിലുമേ മറ്റ്‌ പ്രദേശങ്ങളിലേക്ക്‌ എത്തിയിരുന്നുള്ളൂ.


1954 ഷൊര്‍ണ്ണൂര്‍ നിലമ്പൂര്‍ റെയില്വേ ലൈന്‍ പുനഃസ്ഥാപിക്കപ്പെട്ടു.(1939-40 കാലത്ത്‌ അത്‌ പൊളിച്ച്‌ ബ്രിട്ടനിലേക്ക്‌ കടത്തിയിരുന്നു)

1956ല്‍ മദിരാശി സംസ്ഥാനത്തെ മുഖ്യമന്ത്രിയായിരുന്നു കാമരാജ്‌ നാടാര്‍ ചെറുകരയില്‍ വന്നു. മലബാറിനോട്‌ വിടപറയാനുള്ള പര്യടനത്തിനിടയിലായിരുന്നു അത്‌.


1956 നവംബര്‍ ഒന്നിന്‌ ഐക്യകേരളപ്പിറവിക്ക്‌ എല്ലാ വിദ്യാലയങ്ങളുടെയും ആഭിമുഖ്യത്തില്‍ ഘോഷയത്രകള്‍ നടന്നു.
1957ല്‍ ഇ.എം.എസ്‌ മന്ത്രിസഭ അധികാരത്തില്വന്നു. ഒഴിപ്പിക്കല്‍ നിരോധനനിയമം വന്നു. ദരിദ്രവിഭാഗങ്ങള്‍ക്കിടയില്‍ വമ്പിച്ച മുന്നേറ്റവും ഉണര്‍വ്വുമുണ്ടായി. ചേലാമലയിലെ ഭൂമികള്‍ ഏലംകുളം മനക്കാരുടെ കൈവശത്തില്‍നിന്ന്‌ പലരുടെയും കൈവശത്തിലായി.
അക്കാലത്ത്‌ പെരിന്തല്‍മണ്ണ നിയോജക മണ്ഡലം എം.എല്‍.എ പി.ഗോവിന്ദന്‍ നമ്പ്യാരായിരുന്നു. തുടര്‍ന്നുള്ള തെരഞ്ഞെടുപ്പില്‍ ഇ.പി ഗോപാലന്‍ എം.എല്‍ എ ആയി.


1957ല്‍ തന്നെ രാമഞ്ചാടി പദ്ധതിക്കും മാവുണ്ട്രി പാലത്തിനുമുള്ള ശ്രമം ആരംഭിച്ചു. ശ്രീ കെ.എം.ജി പണിക്കര്‍ മൈനര്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മന്റ്‌ ഉദ്യോഗസ്ഥനും സാങ്കേതിക വിദഗ്ധനുമെന്ന നിലയില്‍ അക്കാലത്ത്‌ ഏലംകുളം പ്രദേശത്തെ പാടങ്ങളെല്ലാം സര്‍വെ നടത്തി. രാമഞ്ചാടി പദ്ധതിയുടെ ഗുണഫലം എവിടെയെല്ലാം എത്തുമെന്ന്‌ കണക്കാക്കിയത്‌ (ഏകദേശം 625 ഏക്ര) അക്കാലത്താണ്‌.
1959ല്‍ ഇ.പിയുടെ നേതൃത്വത്തില്‍ ചെറുകര-മുതുകുറുശ്ശി റോഡ്‌, ചെറുകര - നെല്ലായ റോഡാക്കാനും മാവുണ്ട്രി പാലം നിര്‍മ്മിക്കാനും ഒരു ശ്രമം നടക്കുകയുണ്ടായി. അനവധി വര്‍ഷങ്ങള്‍ക്കുശേഷം തൊണ്ണൂറുകളില്‍ (1989?) മാവുണ്ട്രി പാലം യാഥാര്‍ത്ഥ്യമായി.
രാമഞ്ചാടി ഇന്നും ശാപമോക്ഷം കിട്ടാതെ കിടപ്പാണ്‌. പദ്ധതി തുടങ്ങിയെങ്കിലും 20 ശതമാനം പോലും ജലസേചന സൌകര്യം ഉപയോഗപ്പെടുത്താന്‍ കഴിയുന്നില്ല.

പഞ്ചായത്തിന്റെ പ്രവര്‍ത്തന ചരിത്രം

പഞ്ചായത്തിന്റെ പ്രവര്‍ത്തന ചരിത്രം 1961-1995
സര്‍ക്കാര്‍ പ്രഖ്യാപനപ്രകാരം 21-11-1961 മുതല്‍ നിലവില്‍വന്ന ഏലംകുളം പഞ്ചായത്തില്‍ അതേവരെ ഏലംകുളം അംശം എന്ന ഭരണവിഭാഗത്തില്‍ ഉള്‍പ്പെട്ട പ്രദേശവും എരവിമംഗലം അംശത്തിലെ കിഴുങ്ങത്തോള്‍, അവുഞ്ഞിക്കാട്‌ ദേശങ്ങളും ആണ്‌ ഉള്‍പ്പെടുത്തിയിരുന്നത്‌. 21-11-1961 മുതല്‍ 21-12-1963 വരെ ഉദ്യോഗസ്ഥ ഭരണമായിരുന്നു. ആദ്യത്തെ എക്സിക്യുട്ടീവ്‌ ഓഫീസര്‍ തിരുവനന്തപുരം നെടുമങ്ങാട്ടു സ്വദേശി ശ്രീ അബ്ദുല കരീമിനെ നാട്ടുകര്‍ ഇപ്പോഴും ഓര്‍ക്കുന്നു. ഏലംകുളം പന്‍ചായത്ത്‌തോഫീസിന്‌ സ്ഥലം വാങ്ങിയതും ഓഫീസ്‌ കെടിടം നിര്‍മ്മിച്ചതും അക്കാലത്താണ്‌. താമരശ്ശേരി കുഞ്ഞയമ്മുവിന്റെ വീട്ടുവളപ്പില്‍ നിന്ന്‌ സ്ഥലം വിലക്ക്‌ വാങ്ങിയാണ്‌ ഇന്നത്തെ ഓഫീസ്‌ കെട്ടിടം നിര്‍മ്മിച്ചത്‌. പ്രാതമികാരോഗ്യ കേന്ദ്രത്തിന്റെ കാര്യത്തിലെന്നപോലെ ഇക്കാര്യത്തിലും മുന്‍കൈ എടുത്തത്‌ ശ്രീ വീരാന്‍ കുട്ടിമൊല്ലയാണ്‌. പഞ്ചായത്ത്‌-പാലേങ്ങില്‍ ഒപടി റോഡ്‌, പാലേങ്ങില്‍ പടി-ഏലംകുളം സൌത്ത്‌ സ്കൂള്‍ റോഡ്‌, പാലേങ്ങില്‍ പടി-തായിപ്പടി-മുണ്ട്രക്കുന്ന്‌ റോഡ്‌ എന്നിവയുടെ പ്രാഥമികപ്രവര്‍ത്തനം അക്കാലത്ത്‌ നടന്നു. എല്ലാം ശ്രമദാനങ്ങളായിരുന്നു. ശ്രമദാനപ്രവര്‍ത്തങ്ങള്‍ക്ക്‌ നാട്ടുകാരോടൊപ്പം എക്സിക്യൂട്ടീവ്‌ ഓഫീസറും മുന്നിട്ടിറങ്ങിയിരുന്നു.


1963 ഡിസംബര്‍ 12ന്‌ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ബോര്‍ഡ്‌ നിലവില്വന്നു. 1964 ജനുവരി ഒന്നിനാണ്‌ അധികാരമേറ്റത്‌. ശ്രീ പി.കെ മൊയ്തീന്‍ കുരിക്കള്‍ ആയിരുന്നു പ്രസിഡണ്ട്‌. 1965,66 വര്‍ഷങ്ങളില്‍ കേരളത്തില്‍ പ്രസിഡണ്ട്‌ ഭരണവും അഡ്വൈസര്‍ ഭരണവും മറ്റുമായിരുന്നു. 1967ല്‍ രണ്ടാം ഇ.എം.എസ്‌ മന്ത്രിസഭ അധികാരത്തില്‍ വന്നു. പാലോളി മുഹമ്മദ്‌ കുട്ടി പെരിന്തല്‍മണ്ണ എം.ഇല ആയി. ഇംബിച്ചി ബാവ ഗതാഗത വകുപ്പ്‌ മന്ത്രിയുമായി. ഇക്കാലത്ത്‌ ഏലംകുളത്ത്‌ ഒരു വികസനസമിതി രൂപം കൊണ്ടു. ശ്രീ പുതുമന വാസുദേവന്‍ നമ്പൂതിരി പ്രസിഡന്റും വി.പി.ഗോവിന്ദന്‍ കുട്ടി സെക്രട്ടറിയുമായിരുന്ന ഏലംകുളം പഞ്ചായത്ത്‌ വികസന സമിതിയില്‍ എം.എം അഷ്ടമൂര്‍ത്തി, മാടാല കുഞ്ഞമ്മു മാസ്റ്റര്‍, താമരശ്ശേരി വാപ്പു തുടങ്ങിയവര്‍ മുന്‍നിന്നു പ്രവര്‍ത്തിച്ചു. ശ്രീ മൊയ്തീന്‍ കുരിക്കള്‍, പി.വി കുഞ്ഞന്‍ വാരിയര്‍ എന്നിവരടങ്ങുന്ന പഞ്ചായത്ത്‌ ബോര്‍ഡും പ്രസ്തുത വികസന സമിതിയും സഹകരിച്ച്‌ കക്ഷിരാഷ്ട്രീയത്തിനതീതമായി വികസനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.


ഇമ്പിച്ചിബാവയുടെ പ്രത്യേക താല്‍പ്പര്യത്തിലും പാലോളി മുഹമ്മദ്‌ കുട്ടിയുടെ ശ്രമത്തിലും ചെറുകര-മുതുകുറുശ്ശി റോഡ്‌ ഗതാഗത്റ്റയോഗ്യമാക്കുന്നതിന്നും എലംകുളത്ത്‌ റെയില്‍വേ ലെവല്‍ ക്രോസ്സ്‌ നിര്‍മ്മിക്കുന്നതിനുമുള്ള ശ്രമം ആരംഭിച്ചു. ശ്രീ മലയാറ്റൂ രാമകൃഷ്ണന്റെ പ്രക്ത്യാത നോവലായ "യന്ത്ര"ത്തില്‍ ഈ റോഡിനെ കുറിച്ച്‌ പരമാര്‍ശിക്കുന്നുണ്ട്‌. 1968ലാണ്‌ ഏലംകുളം റെയില്‍വേ ഗേറ്റിനുകിഴക്കുവരെ വാഹനഗതാഗതം സാധ്യമായത്‌. 14.3.1968ന്‌ പുളിങ്കാവിലെ രാഘവന്‍ നായര്‍ ഏലംകുളത്തേക്ക്‌ കാറോടിച്ചെതിയ രംഗം വിവരിക്കുമ്പോള്‍ അന്നത്തെ വികസനസമിതി പ്രവര്‍ത്തകര്‍ ഇന്നും വികാരഭരിതരാകുന്നു.
1970ലെ തെരഞ്ഞെടുപ്പില്‍ ശ്രീ കെ.കെ.എസ്‌ തങ്ങള്‍ എം.എല്‍.എ ആയി. വികസന സമിതിയുടെ ശ്രമങ്ങള്‍ കക്ഷിരാഷ്ട്രീയത്തിന്നതീതമായി തുടര്‍ന്നു. അഞ്ചുകൊല്ലക്കാലത്തേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ബോര്‍ഡ്‌ 28-8-1979 വരെ അധികാരത്തിലിരുന്നു. 1968-69 ല്‍ ചെറുകര-മുതുകുറുശ്ശി റോഡ്‌ ഗതാഗതയോഗ്യമായതിനെ തുടര്‍ന്നാണ്‌ വികസനപ്രവര്‍ത്തനങ്ങള്‍ ഏലംകുളത്ത്‌ സാധ്യമാകുന്നത്‌. 1968ന്‌ ശേഷം ഏലംകുളം റെയില്‍വെ ഗേറ്റ്‌, കുന്നകാവ്‌ ഗവ്‌ഃഐസ്കൂള്‍,ഗവ.സിദ്ധവൈദ്യ ഡിസ്പന്‍സറി,ഐ.പി.ഡി.യൂണിറ്റ്‌, ലക്ഷം വീട്‌ കോളനി എന്നിവ നിലവില്‍ വന്നു. ചെറുകര-മുതുകുറുശ്ശി റോഡ്‌ ടാര്‍ ചെയ്തു. ഏലംകുളം റെയില്‍വെ ഗേറ്റില്‍ നാലുഭാഗം റെയില്‍വെ സ്ഥലം 250 മീറ്റര്‍ വീതം നീളത്തില്‍ രണ്ട്‌-മൂന്ന്‌ മീറ്റര്‍ ഉയരത്തിലുള്ള റെയില്‍വെ കട്ടിംഗ്‌ ശ്രമദാനയഞ്ജത്തിലൂടെ കിളച്ചുനീക്കിയതും അക്കാലത്ത്‌ എല്ലാവരേയും വിസ്മയിപ്പിച്ച കാര്യമായിരുന്നു. ഏലംകുളവുമായി ബന്ധപ്പെടാനിടവന്ന എല്ലാ റെയില്‍വെ പി.ഡബ്ല്യൂ.ഡി ഉദ്യോഗസ്ഥന്മാരിലും യാത്രക്കാരിലും മറ്റുഗ്രാമക്കാരിലും ഇത്‌ വമ്പിച്ച മതിപ്പുളവാക്കി. ആയിരക്കണക്കിന്‌ മനുഷ്യാധ്വാനം തുടര്‍ച്ചയായി സംഘടിപ്പിച്ചതിന്റെ ഫലമായാണ്‌ ലവല്‍ ക്രോസ്സിന്റെ ഇരുവശവും ലവല്‍ ആയത്‌. രൂക്ഷമായ കക്ഷിരാഷ്ട്രീയ ചേരിതിരിവിന്റെ ഇടയില്‍തന്നെയായിരുന്നു, ഈ സംഘടിതമായ അദ്ധ്വാനോത്സവം നടന്നത്‌. ഉദ്യോഗസ്ഥന്മാരിലും മറ്റും ഇത്‌ ആവേശമുണ്ടാക്കി. അവരുടെ സഹകരണവും അക്കാലത്ത്‌ നല്ലപോലെ ഉണ്ടായി. അക്കാലത്തെ എക്സിക്യുട്ടീവ്‌ ഓഫീസറായിരുന്നു ജി.ശിവശങ്കാന്‍ നായര്‍ റെയില്‍വേ ഗേറ്റ്‌ സ്ഥാപിക്കുന്നതിനാവശ്യമായ പണം ആവശ്യമെങ്കില്‍ പഞ്ചായത്ത്‌ കെട്ടിവെയ്ക്കാമെന്ന സമ്മതപത്രം എഴുതി അയച്ചത്‌ ക്രമത്തിലല്ലെന്നും മറ്റും പറഞ്ഞ്‌ പില്‍ക്കാലത്ത്‌ അദ്ദേഹത്തിന്റെ പെന്‍ഷന്‍ കിട്ടുന്നതിലും മറ്റും കാലതാമസമുണ്ടാക്കാന്‍ ബ്യൂറോക്രസി ശ്രമിച്ചുവെങ്കിലും അക്കാലത്ത്‌ എല്ലായിടത്തു നിന്നും സഹകരണം ലഭിച്ചു. കുടിവെള്ളം വൈദ്യുതി എന്നിവ പഞ്ചായത്തില്‍ എത്തിക്കുന്നതിലുള്ള ശ്രമവും ആദ്യത്തെ ബോര്‍ഡിന്റെ കാലത്തുതന്നെ ആരംഭിച്ചു. വികസനസമിതിയുടെ മുന്‍നിന്ന പ്രവര്‍ത്തനം ഇക്കാര്യങ്ങളിലും ഉണ്ടായിരുന്നു. ലെവല്‍ ക്രോസ്സിങ്ങിന്റെ കടം തീര്‍ക്കാന്‍ എന്‍. എന്‍. പിള്ളയുടെ നാടകം (ക്രോസ്സ്‌ ബെല്‍റ്റ്‌) ടിക്കറ്റ്‌ വെച്ച്‌ കളിച്ചിട്ടുണ്ട്‌ എന്ന പറഞ്ഞാല്‍ അന്നത്തെ പ്രവര്‍ത്തനത്തിന്റെയും ഐക്യത്തിന്റെയും ഒരു ഏകദേശചിത്രം പുതിയ തലമുറക്ക്‌ കിട്ടും.

പി.വി കുഞ്ഞിയന്‍ വാരിയര്‍,വി അലവി ഹാജി, എം.എം അഷ്ടമൂര്‍ത്തി, മാടാല ഉമ്മര്‍ ഹാജി, എം.പി.കുഞ്ഞന്‍, പുന്നശ്ശേരി ബാപ്പു ഹാജി, വിശാലാക്ഷിയമ്മ എന്നിവരായിരുന്നു ആദ്യത്തെ ബോര്‍ഡിലെ മെമ്പര്‍മാര്‍. ഇതില്‍ എം.എം. അഷ്ടമൂര്‍ത്തിയും വിശാലാക്ഷിയമ്മയും വിദ്യാഭ്യാസനിയമത്തിലുണ്ടായ ചില നിബന്ധനകളെ തുടര്‍ന്ന്‌ 1964ല്‍ പഞ്ചായത്ത്‌ മെംബര്‍സ്ഥനങ്ങള്‍ രാജിവെച്ചു. വനിതാമെംബര്‍ സ്ഥാനത്തേക്ക്‌ എം.പി. ഭാര്‍ഗവിയമ്മ നോമിനേറ്റ്‌ ചെയ്യപ്പെട്ടു. ടി.സി വാസുദേവന്‍ തിരഞ്ഞെട്ടുപ്പിലൂടെ മെംബറായി.

1977ല്‍ ശ്രീ പി.കെ മൊയ്തീന്‍ കുരുക്കള്‍ നിര്യാതനായതിനെ തുടര്‍ന്ന് പുന്നശ്ശേരി ബാപ്പു ഹാജി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1979 വരെ അദ്ദേഹം തല്‍സ്ഥനത്ത്‌ തുടര്‍ന്നു.
28-9-1979ന്‌ പുതിയ തെരഞ്ഞെടുപ്പിലൂടെ എം.എം അഷ്ടമൂര്‍ത്തി പ്രസിഡന്റായുള്ള ബോര്‍ഡ്‌ അധികാരത്തില്‍ വന്നു. കക്ഷി രാഷ്ട്രീയത്തിനതീതമായി വികസനപ്രവര്‍ത്തനങ്ങളില്‍ ആളുകളെ സഹകരിപ്പിക്കുക എന്ന ആശയം കൂടുതല്‍ പ്രാവര്‍ത്തികമാക്കാന്‍ ഇക്കാലത്ത്‌ സാധിച്ചു. ഡിപ്പാര്‍റ്റ്മെന്റുകളെ കാത്തുനില്‍ക്കാതെ ജനങ്ങള്‍ തങ്ങള്‍ക്ക്‌ ആവശ്യമായത്‌ കഴിയുന്ന വിധത്തില്‍ ചെയ്തുതീര്‍ക്കുക എന്ന രീതി തുടങ്ങി.

അധികാരമില്ലായ്മയും ഫണ്ടില്ലായ്മയുമാണ്‌ പഞ്ചായത്തിന്റെ നിസ്സഹായതയെന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇവിടെ മനസ്സിലാക്കി. ഈ ഐക്യം നിലനിന്നപ്പോഴും പഞ്ചായത്ത്‌ തെരഞ്ഞെടുപ്പുകളില്‍ കക്ഷിരാഷ്ട്രീയത്തെ ആസ്പദമാക്കി സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചു. 1977ല്‍ മിക്കവാറും പഞ്ചായത്തുകളില്‍ നിന്ന്‌ വ്യത്യസ്തമായി ഇവിടെ സ്ഥാനാര്‍ത്ഥികള്‍ പാര്‍ട്ടി ചിഹ്നങ്ങളില്‍ തന്നെയാണ്‌ മത്സരിച്ചത്‌. വികസനപ്രവര്‍ത്തനങ്ങളില്‍ ഐക്യപ്പെട്ട ശ്രമം ഉണ്ടായി അതിന്റെ ഫലമായാണ്‌ റോഡുകള്‍, കുടിവെള്ള, വിദ്യുച്ഛക്തി തുടങ്ങിയ രംഗങ്ങളില്‍ ചിലെ നേട്ടങ്ങള്‍ ഇക്കാലത്തുണ്ടാക്കാന്‍ കഴിഞ്ഞത്‌.

മുതുകുറുശ്ശി-കടന്നേങ്കാവ്‌ റോഡ്‌, കുതിരപ്പാറ റോഡ്‌, മണലായ റോഡ്‌, മല്ലിശ്ശേരി-പള്ളിപ്പടി-ആക്കപ്പറമ്പ്‌-റെയില്‍വേ ലൈന്‍ റോഡ്‌, പള്ളത്തുപടി റോഡ്‌, പാലേങ്ങല്‍ പടി-മനയ്ക്കല്‍ പടി റോഡ്‌, പുളോള്‍പുര കോളനി റോഡ്‌, കുപ്പുത്ത്‌ റോഡ്‌, ചെറുകര-പാറേങ്ങാട്‌ റോഡ്‌, ചെറുകര-ചെറുപനങ്ങാട്‌ റോഡ്‌, എന്നിവയുടെ പണി ഇക്കാലത്ത്‌ നടന്നു. ഏലംകുളം സ്റ്റേഡിയത്തിന്‌ സ്ഥലം ഏറ്റെടുത്തത്‌ രണ്ടാമത്തെ ബോര്‍ഡിന്റെ കാലത്താണ്‌. പഞ്ചായത്തില്‍ വ്യാപകമായി പൈപ്പ്‌ ലൈനുകള്‍ ഇട്ടതും ഇക്കാലത്താണ്‌. പഞ്ചായത്താഫീസ്‌ പടി-മുതുകുറുശ്ശി വരെയുള്ള പബ്ലിക്ക്‌ റോഡിലെ കുടിവെള്ള ലൈന്‍ ഇക്കാലത്ത്‌ നിലവില്‍ വന്നു. മുണ്ട്രകൂത്ത്‌, ആറാട്ടുകുന്ന്,പുളോള്‍പുര,പാറോള്‍പുര,ംണ്ടേത്തൊടി,തച്ചട്ടുപുര,കാവുംബുറം,കക്കാട്ട്‌ കുന്ന്‌,നെല്ലിപ്പറ്റ,നെല്ലിയാം കുന്ന്‌,വട്ടപ്പറമ്പ്‌, എന്നിവിടങ്ങളില്‍ ഇക്കാലത്ത്‌ പൈപ്പ്‌ ലൈന്‍ എത്തി. 1.ചെങ്ങോടത്ത്‌ ചക്കന്‍ 2. മാടാല ഉമ്മര്‍ ഹാജി 3.കെ സരോജനി 4. എം എം അഷ്ടമൂര്‍ത്തി 5.ബാപ്പു ഹാജി 6.സി കുന്‍ഹിരാമന്‍ 7.മലയങ്ങാട്ടില്‍ മുഹമ്മദ്‌ (വാപ്പു)8. ഇ.എമ്പരമേശ്വരന്‍ (വേണു) എന്നിവരായിരുന്നു രണ്ടാമത്തെ ബോര്‍ഡിലെ മെമ്പര്‍മാര്‍.


1988-94 കാലത്ത്‌ മൂന്നാമത്തെ ബോര്‍ഡ്‌ നിലവില്‍ വന്നു. എം.എം അഷ്ടമൂര്‍ത്തി പ്രസിഡന്റും താമരശ്ശേരി വാപ്പു വൈസ്‌ പ്രസിഡന്റുമായിരുന്ന ബോര്‍ഡില്‍ പി. ഹസ്സന്‍, പി.കെ അലീമ, എന്‍.പി മുഹമ്മദ്‌, വി.എം ഫാതിമാബി, എന്‍. കുന്‍ഹാമു, എന്‍.സി വാസുദേവന്‍, സി.കുന്‍ഹിരാമന്‍ എന്നിവര്‍ അംഗങ്ങളായിരുന്നു. ശ്രീ എന്‍.പി.മുഹമ്മദിന്റെ തമരശേരി വാപ്പുവിന്റെയും അകാല ചരമങ്ങള്‍ ഇക്കാലത്ത്‌ ഈ പഞ്ചായത്തിനുതന്നെ ഉണ്ടായ അത്യാഹിതങ്ങളായി. രണ്ടുപേരും വികസനപ്രവര്‍ത്തങ്ങങ്ങളില്‍ മുനിന്നു പ്രവര്‍ത്തിച്ചവരായിരുന്നു. എലംകുളം മാട്ടയി റോഡ്‌ യാഥര്‍ത്ഥ്യമാക്കുന്നതില്‍ എന്‍.പി മുഹമ്മദ്‌ വഹിച്ച നേത്‌^ത്വപരമായ പങ്ക്‌ വളരെ വലുതാണ്‌. റോഡ്‌ കമ്മറ്റിക്കെതിരെ നിലവില്‍ വന്ന കേസുകള്‍ പിന്വലിപ്പിച്ച്‌ ഒരു തീര്‍പ്പുണ്ടാക്കുന്നതില്‍ അദ്ദേഹം മുന്‍കയ്യെടുത്തു. മരണത്തിനുതൊട്ടുമുന്‍പാണ്‌ കേസ്സുകള്‍ പിന്‍വലിക്കപ്പെട്ടതും റോഡിന്റെ തടസ്സങ്ങള്‍ നീങ്ങിയതും. 1967ലെ വികസന സമിതിയുടെ കാലം മുതല്‍ ഏലംകുളത്തെ വികസനപ്രവര്‍ത്തനങ്ങളില്‍ മുന്‍ നിന്ന്‌ പ്രവര്‍ത്തിച്ചയാളാണ്‌ താമരശ്ശേരി വാപ്പു. മരണത്തിന്‌ തൊട്ടുമുന്‍പ്‌ തോണിക്കടവ്‌ റോഡിന്റെയും മനക്കല്‍ കടവ്‌ റോഡിന്റെയും കര്യത്തില്‍ പ്രത്യെക്‌ താല്‍പ്പര്യമെടുത്ത്‌ പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം. രണ്ടുപേരുടെയും മരണം പഞ്ചായത്തിന്‌ പൊതുവേയും വികസനപ്രവര്‍ത്തനങ്ങള്‍ക്ക്‌ പ്രത്യേകിച്ചും നികത്താനാവാത്ത നഷ്ടമാണ്‌. വാപ്പുവിന്റെയും എന്‍.പി മുഹമ്മദിന്റെയും സ്ഥാനങ്ങളിലേക്ക്‌ പിന്നീട്‌ തെരഞ്ഞെടുപ്പ്‌ നടക്കുകയുണ്ടായില്ല.


മുതുകുറുശ്ശിയിലെ സാംസ്കാരിക നിലയം, ഏലംകുളം പ്രാഥമിക ആരോഗ്യകേന്ദ്രം, ചെറുകരയിലെ സ്റ്റേഡിയം എന്നിവയും ഇക്കലത്ത്‌ നിലവില്‍ വന്നു. ഏലംകുളം പി.എച്ച്‌.സി സെന്ററിന്‌ ആവശ്യമായ സ്ഥലം 1979-84 കാലത്തെ ബോര്‍ഡില്‍ അംഗമായിരുന്ന് ഇ.എം പരമേശ്വരന്‍ നമ്പൂതിരിപ്പാട്‌ സൌജന്യമായി നല്‍കിയതാണ്‌. ഏലംകുളം വികസനത്തിന്റെ ചരിത്രത്തില്‍ ഈ ആശുപത്രിയുടെ നിര്‍മ്മാണം ഒരു പ്രധാനസംഭവമാണ്‌. സ്വാതന്ത്ര്യം ലഭിച്ച്‌ 40 വര്‍ഷത്തിനുശേഷം ആണ്‌ ആധുനിക ചികിത്സയുള്ള ഒരാശുപത്രി നമുക്ക്‌ ലഭിക്കുന്നത്‌. ഇപ്പോഴും അതില്‍ ഡോക്ടറും മരുന്നും ആവശ്യത്തിനില്ല എന്ന ബാലാരിഷ്ടത തീര്‍ന്നിട്ടില്ല.
1 ചെറുകര ഗേറ്റ്‌-കുന്നക്കാവ്‌ റോഡ്‌, 2. എടയ്ക്കല്‍ പടി റോഡ്‌ 3. തോണിക്കടവ്‌ റോഡ്‌ 4. ഏലംകുളം മാട്ടയ്‌ പാലത്തോള്‍ റോഡ്‌ എന്നിവ ഇക്കാലത്ത്‌ പണിചെയ്തു. പഞ്ചായത്താഫീസ്‌ റോഡ്‌ ടാരിങ്ങും ഇക്കാലത്ത്‌ നടന്നു. പഞ്ചായത്ത്‌ സ്വന്തം ചെലവില്‍ പെരുമ്പറമ്പ്‌ ശുദ്ധജലവിതരണ പദ്ധതി ഉണ്ടാക്കിയതും ഇക്കാലത്താണ്‌.

18.3.1994 ഈ പഞ്ചായത്ത്‌ ബോര്‍ഡ്‌ പിരിച്ചുവിടപ്പെട്ടു. പിന്നീട്‌ 95 ഒക്ടോബര്‍ രണ്ടിന്‌ പുതിയ ബോര്‍ഡ്‌ അധികാരത്തില്‍ വരുന്നതുവരെ ഉദ്യോഗസ്ഥഭരണമായിരുന്നു.

അറിയപ്പെടാത്ത ഒരേട്‌

സ്വാതന്ത്ര്യ സമരസേനാനി ശ്രീ കെ. ശങ്കരന്‍ നായര്‍ 1988 ജൂണില്‍ ഏലംകുളത്ത്‌ അന്തരിച്ചു. 3 വര്‍ഷത്തിലധികം ഏലംകുളത്ത്‌ താമസിച്ചു 1920-21 കാലത്ത്‌ ഖിലാഫത്ത്‌ പ്രസ്ഥാനം ശക്തിപ്പെടുത്തുന്നതിന്‌ മോഴിക്കുന്നത്ത്‌ നമ്പൂതിരിപ്പാടിനോടൊപ്പം പ്രവര്‍ത്തിച്ച കുളപ്പുറത്ത്‌ അയ്യപ്പന്‍ നായരുടെ മരുമകനായ ഇദ്ദേഹം 1943ല്‍ സുഭാഷ്‌ ചന്ദ്രബോസിന്റെ ആഹ്വാനത്തില്‍ ആകൃഷ്ടനായി ഐ.എന്‍.എയില്‍ ചേര്‍ന്നു. 1936 മുതല്‍ സിംഗപ്പൂരില്‍ കപ്പല്‍ ജോലിക്കാരനായിരുന്നു. വിടേശസമ്പാദ്യമെല്ലാം ഇന്ത്യന്‍ ഇന്‍ഡിപ്പെന്റന്റ്‌ ലീഗിന്‌ സംഭാവന ചെയ്ത്‌ ഐ.എന്‍.എയില്‍ ചേന്ന ശങ്കരന്‍ നായര്‍ യുദ്ധത്തിനിടയില്‍ ഷെല്ലേറ്റ്‌ പരിക്കുപറ്റി ബ്രിട്ടീഷുകാരുടെ പിടിയില്‍ പെട്ടു. വലതുകണ്ണിന്റെ കാഴ്ച്ച പൂര്‍ണ്ണമായും ഇടതുകണ്ണിന്റെ കാഴ്ച്ച ഭാഗികമായും നഷ്ടപ്പെട്ടിരുന്നു. മണിപ്പൂര്‍ കോണ്‍സെന്റ്രേഷന്‍ ക്യാമ്പിലും ജയിലിലും ഏതാനും മാസം കഴിഞ്ഞു. ഒടുവില്‍ സ്വതന്ത്രനായി മദിരാശിയില്‍ എത്തി.

1986ല്‍ ക്യാപ്റ്റന്‍ ലക്ഷ്മി പെരിന്തല്‍മണ്ണയില്‍ വന്നപ്പോള്‍ കാണുകയും പരിചയം പുത്തുക്കുകയും ഉണ്ടായി.

മണ്ണ്‌ പൊന്നാക്കി മാറ്റിയവര്‍

പഞ്ചായത്തിന്റെ ആറാം വാര്‍ഡില്‍ വടക്കു പടിഞ്ഞാറുഭാഗത്ത്‌ കിടക്കുന്ന ചീരട്ടാമലയുടെ ചെരിവ്‌ പ്രദേശമായ കോട്ടപറമ്പിലാണ്‌ കുടിയേറ്റ കൃഷിക്കാര്‍ ആദ്യം വന്നെത്തിയത്‌. 1947ല്‍ കോട്ടയത്തുനിനെത്തിയ ഏഴ്‌ കുടുംബങ്ങളായിരുന്നു ഏലംകുളത്തെ ആദ്യ കുടിയേറ്റ കര്‍ഷകര്‍. പുല്ലുകലായില്‍ വര്‍ഗീസ്‌, കയ്യാലകത്ത്‌ ചാക്കോ, പുളിമൂട്ടില്‍ ചെറിയാന്‍, കയ്യാലകത്ത്‌ കുര്യന്‍, പടിയറ ഐപ്പ്‌ എന്ന ചാണ്ടിപ്പിള്ള, പടിയ മാണി എന്ന ജോര്‍ജ്ജ്‌ എന്നീ ഏഴ്‌ പേരില്‍ പടിയറ ജോര്‍ജ്ജ്‌ മാത്രമേ ജീവിച്ചിരിപ്പുള്ളൂ. മുണ്ടെക്കാട്‌ സുപ്രന്‍ നമ്പൂതിരിയുടെ കാട്‌പിടിച്ചുകിടക്കുന്ന 88 എക്കര്‍ ഭൂമി കാണം ചാര്‍ത്തായി എടുത്തിട്ടാണ്‌ ഇവര്‍ കൃഷി ഇറക്കിയത്‌. കാടുവെട്ടിത്തെളിച്ച്‌ കാട്ടുപോത്തിനോടും കാട്ടുപന്നിയോടും മാരകരോഗങ്ങളോടും മല്ലടിച്ച്‌ ഇവര്‍ മണ്ണിനെ പൊനാക്കി മാറ്റി. ഒരു നേരത്തെ ആഹരത്തിനുപോലും വിഷമിച്ച ജീവിതമായിരുന്നു അന്നവരില്‍ പലര്‍ക്കും. കുരുമുളകും കപ്പയും വാഴയും റബ്ബറും കശുവണ്ടിയും കൃഷിചെയ്യേണ്ട വിധം അധ്വാനശീലരായ ഇവര്‍ ഇന്നാട്ടുകാരെ പഠിപ്പിച്ചുവെന്നുപറഞ്ഞാല്‍ തെറ്റില്ല. കഠിനാധ്വാനത്തിന്റെ പ്രതീകങ്ങളായിരുന്ന ഇവരെല്ലാം നാട്ടുകാര്‍ക്ക്‌ അക്കാരണം കൊണ്ടു തന്നെ പ്രിയപ്പെട്ടവരായി.

1960കളിലാണ്‌ ചീരട്ടാമലയിലേക്കുള്ള ചെമ്മണ്‍ പാത രൂപം കൊള്ളുന്നത്‌. ഇന്നും അത്‌ ചെമ്മണ്‍ പാത തന്നെയായി കിടക്കുന്നു. അടുത്തകാലത്ത്‌ എല്ലാം മാറി, ടാറിട്ടു.

ചരിത്ര പശ്ചാത്തലം

കേരളത്തിലെ ഒരു‍ ഗ്രാമത്തിന്റെ ചരിത്രം പരിശോധിക്കേണ്ടത്‌ അവിടത്തെ വിളഭൂമികളുടെ ഉത്ഭവവും വീടുകളുടെ നിര്‍മ്മാണവും എന്നു തുടങ്ങി എന്ന അന്വേഷണത്തോടെയാണ്‌. ഏലംകുളത്ത്‌ നെല്‍ വയലുകള്‍ കിളച്ചുണ്ടാക്കിയതിന്റെയും കുന്തിപ്പുഴയുടെ തീരത്ത്‌ വീടുകള്‍ നിര്‍മ്മിച്ചതിന്റെയും കഥ അന്വേഷിച്ചാല്‍ കണ്ടെത്താമെന്നാണ്‌ തോന്നുന്നത്‌. കേരളത്തിലെ മറ്റു പല പ്രദേശങ്ങളിലേയും പോലെ നന്നങ്ങാടികളും മറ്റും ഇവിടെയുമുണ്ട്‌. ഇവിടുത്തെ ക്ഷേത്രങ്ങളുടെ ഒപഴക്കവും പരിശോധിച്ച്‌ കണ്ടുപിടിക്കേണ്ടതായിട്ടാണിരിക്കുന്നത്‌.


മൂന്നുപ്രധാന ജന്മികുടുംബങ്ങളും അവരുടെ അടിയാളന്മാരും എന്ന നിലയിലാണ്‌ ഏലംകുളത്തെ കാര്‍ഷിക വ്യ്‌വസ്ഥാബന്ധം. ഏലംകുളം മന, മുതുകുറുശ്ശി മന, പുതുമന എന്നിവരാണ്‌ മൂന്നു ജന്മിമാര്‍. ഇതില്‍ മുതുകുറുശ്ശിമനക്കാര്‍ മണ്ണാര്‍ക്കാട്ടുനിന്നും പുതുമനക്കാര്‍ വൈക്കത്തുനിന്നും വന്നവരാണെന്നാണ്‌ കേള്‍വി. ഏലംകുളം മനക്കാര്‍ എവിടെനിന്നും വന്നുവെന്നറിയില്ല. (സാമൂതിരി കൊണ്ടുവന്നതാണെന്നും ഏലംകുളം മനക്കാരും മുതുകുറുശ്ശി മനക്കാരും ഒന്നാണെന്നും അരിയിട്ടുവാഴ്ചയില്‍ ആഢ്യത്വം നഷ്ടപ്പെട്ടതാണെന്നും വി.ടിയോ മറ്റോ എഴുതിയതുവായിച്ചതോര്‍ക്കുന്നു)


ഏലംകുളത്തെ കൃഷിഭൂമി ഉണ്ടായകാലത്ത്‌ ഏതായാലും ഏലംകുളം മനക്കാര്‍ ജന്മികളല്ല എന്ന്‌ വ്യക്തമാക്കുന്ന ഐതിഹ്യങ്ങള്‍ ഉണ്ട്‌. നെല്വയലുകള്‍ക്ക്‌ ജന്മിമാരില്ലാത്തതിനാല്‍ ഉടമസ്ഥന്മാര്‍ക്ക്‌ പകര്‍ച്ചവ്യാധി പിടിപെട്ടതിന്റെയും അതിനുപരിഹാരമായി ഭ്രാഹ്മണരെ ജന്മിമാരായി ക്ഷണിഹ്ചതിന്റെയും കഥകള്‍ ഇവിടുത്തെ ജന്മി വ്യവസ്ഥ വളാരെ അടുത്തകാലത്തുണ്ടായതാണെന്ന്‌ തെളിയിക്കുന്നു.
മുസ്ലീം കൃഷിക്കാര്‍ക്ക്‌ ഇവിടെ ആദ്യം മുതല്‍ തന്നെ സ്ഥാനമുണ്ടെങ്കിലും മുസ്ലീം പള്ളിക്ക്‌ നൂരില്‍പ്പരം കൊല്ലത്തെ ചരിത്രമേ ഉള്ളൂ. മല്ലിശ്ശേരി പള്ളിയാണ്‌ ആദ്യത്തെ പള്ളി. അതിനുമുന്‍പ്‌ നിരവധി നാഴിക അകലെയുള്ള പുത്തനങ്ങാടിപ്പള്ളിയിലും മറ്റുമായിരുന്നു മുസ്ലീംഗള്‍ പോരി പ്രാര്‍ഥിച്ചിരുന്നതും മറ്റും. മതപഠനത്തിന്‌ സൌകര്യം ഇവിടെ ഉണ്ടായിരുന്നില്ല.

1921 ലെ ഖിലാഫത്ത്‌ പ്രസ്ഥാനം ഏലംകുളത്തെ സംബന്ധിച്ചിടത്തോളം തികഞ്ഞ മതസൌഹാര്‍ദ്ദത്തിന്റെ ഘട്ടമായിരുന്നു. മേല്‍പ്പറഞ്ഞ മൂന്നു ജന്മിഗൃഹങ്ങളിലും യാതൊരു കയ്യേറ്റങ്ങളും ഉണ്ടാകാതെ ഏലംകുളത്തുള്ള മുസ്ലീം കൃഷിക്കാരുടെ നേതൃത്വത്തില്‍ സംരക്ഷണം ഉണ്ടായി. അന്നത്തെ സമ്പ്രദായമനുസരിച്ച്‌ അയിത്തം ആചരിച്ചുകൊണ്ടുള്ള സംരക്ഷണമായിരുന്നു അത്‌.
എന്നാല്‍ ഈ സൌഹാര്‍ദ്ദം തകര്‍ക്കാന്‍ സര്‍ക്കാരിന്റെയും റാവന്യൂ മേലധികാരികളുടെയും ഭാഗത്തുനിന്ന്‌ ബോധപൂര്‍വ്വമായ ശ്രമമുണ്ടായി. പട്ടുകുത്ത്‌ മൊയ്തീന്‍ കുരുക്കള്‍ എന്നാ ആളെ ലഹളത്തലവനെന്ന്‌ മുദ്രകുത്തി വീട്ടുമുറ്റത്ത്‌ വെച്ച്‌ പട്ടാളം വെടിവെച്ചു കൊല്ലുകയുണ്ടായി. പട്ടുകുത്ത്‌ മൊയ്തീന്‍ കുരുക്കള്‍ യഥാര്‍ഥത്തില്‍ ഏലംകുളം മനക്കിലേക്ക്‌ അന്യദേശത്തുനിന്ന്‌ ലഹളക്കാര്‍ വന്നപ്പോള്‍ (ഇപ്പോളത്തെ ചെര്‍പ്പുളശ്ശേരി ഭാഗത്തുനിന്ന്‌) തടഞ്ഞുനിര്‍ത്തിയ ആളായിരുന്നു. ഏലംകുളം മനയ്ക്കലെ വൈദ്യന്മാര്‍ കൂടിയായിരുന്നു പട്ടുകുത്ത്‌ കുരുക്കന്മാര്‍.. (അറിയപ്പെടാത്തെ ഇ.എം.എസ്‌ എന്ന ഗ്രന്ഥത്തില്‍ പട്ടുകുത്ത്‌ കുരുക്കള്‍ ഇ.എം.എസ്സിനെ ചികിത്സിച്ചിരുന്നതിന്റെ വിവരമുണ്ട്‌.)പട്ടുകുത്ത്‌ മൊയ്തീന്‍ കുരുക്കളുമൊത്ത്‌ ആറുമാസക്കാലത്തോളം മഴയ്ത്തും ഇരുട്ടത്തും മനകാവലിന്‌ കൂടിയ വട്ടപ്പറമ്പില്‍ കൊണ്ട എന്ന ആള്‍ ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ട്‌. (ഇതെഴുതിയത്‌ 1995 ജനകീയാസുത്രണക്കാലത്ത്‌) എലംകുളത്തെവിടേയും ലഹളക്കാലത്ത്‌ ഒരനിഷ്ട സംഭവവും ഉണ്ടായില്ല. കള്ളുഷാപ്പുകളും സര്‍ക്കാര്‍സ്ഥപനമെന്ന നിലയില്‍ ഒരു സ്കൂളും ചിലര്‍ ചേര്‍ന്ന്‌ കത്തിക്കുകയുണ്ടായി. എന്നാല്‍ ആ പ്രതിഷേധം തുടരുകയുണ്ടായില്ലത്രെ. (മനഴി ഗോവിന്ദന്‍ നായര്‍ മാസ്റ്റര്‍ട്‌ ഇടപെട്ടതിനാല്‍) എല്ലാ ലഹളയും ഒതുങ്ങിക്കഴിഞ്ഞപ്പോള്‍ പട്ടാളം വന്ന്‌ അകാരണമായി കുരുക്കളെ വെടിവെച്ചുകൊല്ലുകയായിരുന്നു. ഒരര്‍ഥത്തില്‍ മോഴിക്കുന്നത്ത്‌ ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടിന്റെ അനുഭവമായിരുന്നു പട്ടുകുത്ത്‌ കുരുക്കള്‍ക്ക്‌. ലഹളക്കാലത്ത്‌ സമാധാനത്തിന്‌ ശ്രമിച്ചതിനാണല്ലോ അദ്ദേഹം ശിക്ഷിക്കപ്പെട്ടത്‌. ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടിന്‌ പക്ഷെ ജീവന്‍ നഷ്ടപ്പെട്ടില്ല.


പട്ടുകുത്ത്‌ കുരുക്കളെ വെടിവെച്ചുകൊന്നസംഭവത്തിനുശേഷം പുതുതായി ലഹള ഉണ്ടാകുമോ എന്ന ഒരു ഭ്ഹീതി പരിസരങ്ങളിലുള്ള ഹിന്ദുകുടുംബങ്ങളില്‍ പരന്നതായി പഴമക്കാര്‍ പറയുന്നു. കുരുക്കളുടെ സുഹൃത്തുകൂടിയായിരുന്ന അംശം അധികാരി രാമന്‍ നായര്‍ അന്നുതന്നെ സ്ഥാനം ഒഴിഞ്ഞത്രെ. താന്‍ സ്ഥനം ഒഴിഞ്ഞ കത്തും അംശത്തിലെ ലഹളക്കാരുടെ ലിസ്റ്റും മനഴിമാസ്റ്റര്‍ എന്ന പേരിലറിയപ്പെട്ടിരുന്ന മനഴി ഗോവിന്ദന്‍ നായരുടെ പക്കല്‍ കൊടുത്തയക്കുകയാണത്രെ ഉണ്ടായത്‌. മനഴി മാസ്റ്റര്‍ ലഹളക്കാരുടെ ലിസ്റ്റ്‌ അധികൃതര്‍ക്ക്‌ നല്‍കിയില്ല. ലഹളക്കാരുടെ ലിസ്റ്റ്‌ യഥാര്‍ത്ഥത്തില്‍ ഗ്രാമത്തിലെ മുസ്ലീങ്ങളുടെ ലിസ്റ്റായിരുന്നു. അങ്ങനെ നല്‍കണമെന്നായിരുന്നുവത്രെ അന്നത്തെ നിര്‍ദ്ദേശം. ഏതായാലും എലമകുളം അംശത്തില്‍ വ്യാപകമായ ശിക്ഷ ഉണ്ടായില്ല. കൂട്ടത്തോടെ നാറ്റുകടത്തലും ഉണ്ടായില്ല. മനഴി മാസ്റ്ററുടെ(ആര്‍.എന്‍.മനഴി അദ്ദെഹത്തിന്റെ തന്നെ കുടുംബത്തിലെ മൂന്നാം തലമുറക്കാരനാണ്‌)ഇംഗ്ലീഷ്‌ വിദ്യാഭ്യാസവും ശക്തമായ ഇടപെടലും ഇക്കാര്യത്തില്‍ വളരെ സഹായമായി എന്നുപായാം.


ഏതായാലും കുരുക്കളോട്‌ ചെയ്ത അനീതിയും കടുംകൈയ്യും ഇന്നും എലംകുളത്തുകാരുടെ മനസ്സില്‍ വലിയ വേദനയായിക്കിടക്കുന്നു.
ഖിലാഫത്ത്‌ പ്രസ്ഥാനത്തിനു മുമ്പും പിമ്പും ദേശീയ പ്രസ്ഥാനമായി എലംകുളത്തിന്‌ ബന്ധമുണ്ടായിരുന്നു. ഖിലാഫത്തിനുമുന്‍പുള്ള ബന്ധം പുതുമന സങ്കരന്‍ നമ്പൂതിരിയും കോണ്‍ഗ്രസ്സുമായുള്ള ബന്ധത്തില്‍ ഒതുങ്ങുന്നു. ആനിബസന്റിന്റെയും മഞ്ചേരിരാമയ്യരുടെയും കാലത്ത്‌ മിതവാദി കോണ്‍ഗ്രസ്സുമായി അദ്ദേഹത്തിനുണ്ടായിരുന്ന ബന്ധം, വള്ളുവനാട്‌ താലൂക്ക്‌ ബോര്‍ഡ്‌ മെംബറെന്ന നിലയിലുള്ള പ്രവര്‍ത്തനം മറ്റു സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ എന്നിവ അദ്ദേഹത്തെ പ്രശസ്തനാക്കി. ഖിലാഫത്തില്‍ മുസ്ലീങ്ങളെ ദ്രോഹിക്കുന്നതിനെതിരായ ഇടപെടല്‍ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായതായി പറയപ്പെടുന്നു. ഇക്കാര്യത്തില്‍ അദ്ദേഹത്തിനെതിരെ അധികൃതര്‍ കേസ്സെടുത്തതായും ജയില്‍ഭീഷണി ഉയര്‍ത്തിയതായും പറയുന്നുണ്ട്‌.

ദേശീയ പ്രസ്ഥനത്തില്‍ ഈ.എമെസ്സിന്റെ വരവോടേയാണ്‌ ഏലംകുളം അശസ്തമാകുന്നത്‌. ഇ.എം.എസ്സിന്റെ അറസ്റ്റും ജയില്വാസവും, ജയില്വാസംകഴിഞ്ഞുള്ള ഏലംകുളത്തെ താമസ്വൌം ദേശീയനേതക്കര്‍ന്മാരുടെ സ്ഥിരമായ സന്ദര്‍ശനവും 1932 മുതല്‍ തന്നെ ഈ കൊച്ചുഗ്രാമത്തെ വാര്‍ത്താപ്രാധാന്യമുള്ളതാക്കി. പിന്നീട്‌ 1940ല്‍ ഇ.എം.എസ്സ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ തീരുമാനമനുസരിച്ച്‌ ഒളിവില്‍ പോകുന്നതുവരെ പതിനെട്ടുവര്‍ഷക്കാലത്തിനിടയ്ക്ക്‌ ചരിത്രപ്രാധാന്യമുള്ള പല സന്ദ്രര്‍ശനങ്ങളും ഏലംകുളത്തുണ്ടായിട്ടുണ്ട്‌. പലപ്പോഴും ഇവിടം ദേശീയനേതാക്കന്മാരുടെ സങ്കേതമായിത്തീര്‍ന്നു.

മഹാനായ തത്വചിന്തകന്‍ ശ്രീ രാഹുല്‍ സാംകൃത്യായന്‍ എലംകുളം സന്ദര്‍ശിച്ചിട്ടുണ്ടോ എന്നു സംശയിക്കണം. സ്വാതന്ത്ര്യത്തിനുമുന്‍പ്‌ ഈ.എം.എസ്സിനെപ്പറ്റി അദ്ദേഹം എഴുതിയ ഒരു ജീവചരിത്രക്കുരിപ്പില്‍ വള്ളുവനാടന്‍ നെല്‍പ്പാടങ്ങളെപ്പറ്റി നേരില്‍ കണ്ടപോലെയുള്ള വിവരണമുണ്ട്‌.

സുന്ദരയ്യ, എസ്‌.വി ഘാട്ടെ, പി.സി.ജോഷി തുടങ്ങിയവര്‍ ഇക്കാലത്ത്‌ എലംകുളം സന്ദര്‍ശിച്ച അഖിലെന്ത്യാ നേതാക്കന്മാരില്‍ ചിലരാണ്‌. എ.കെ.ജിയും ഇസ്സഹാക്കും ഏലംകുളത്ത്‌ ഒളിവില്‍ കഴിഞ്ഞവരാണ്‌. ഇ.പി. ഗോപാലന്‍, ഗോവിന്ദന്‍ നമ്പ്യാര്‍, കുഞ്ഞന്‍ വാരിയര്‍, പി.വി കുഞ്ഞുണ്ണി നായര്‍, കൊങ്ങശ്ശേരി കൃഷ്ണന്‍ എന്നിവരെല്ലാം ഏലംകുളത്ത്‌ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിച്ചിരുന്നവരാണ്‌. പി. കൃഷ്ണപിള്ളയും കെ.എ കേരളീയനും മറ്റും ഏലംകുളത്ത്‌ സ്ഥിരം സന്ദര്‍ശകരായിരുന്നു. ഇടയ്ക്കല്‍ രാമന്‍ നായര്‍, ട്ടാട്ടന്‍, സി.കെ. കൃഷ്ണന്‍ നായര്‍,സി.കെ ഗോപാലന്‍ നായര്‍,പുന്നശ്ശേരി മരയ്ക്കാര്‍, സി.അച്ചുതന്‍ നായര്‍, സി.ജി മാസ്റ്റര്‍ തുടങ്ങിയവെര്‍ല്ലാം ഈ നേതാക്കന്മാരുമായി ആത്മബന്ധം പുലര്‍ത്തിയവരായിരുന്നു. അക്കാലത്ത്‌ ഏലംകുളത്ത്‌ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീംലീഗിന്റെ സെക്രട്ടറിയായിരുന്ന വീരാന്‍ കുട്ടി മൊല്ല അന്നത്തെ നേതാക്കന്മാരുടെ മിക്കപേരുടെയും പ്രസംഗങ്ങള്‍ ഓര്‍ത്തു പറയാന്‍ കഴിവുള്ളയാള്‍ കൂടിയാണ്‌. സീതിസാഹിബിന്റെയും അബ്ദുറഹ്മാന്‍ സാഹിബിന്റെയും പ്രസംഗങ്ങള്‍ അദ്ദേഹമ്ര്ക്കുന്നു. അക്കാലത്തെ ഒളിവു രേഖകള്‍ സൂക്ഷിക്കാന്‍ സഹായിച്ചുകൊണ്ടാണ്‌ മൊല്ലാക്ക ആദ്യകമ്യൂണിസ്റ്റ്‌ പ്രസ്ഥനവുമായി ബന്ധപ്പെടുന്നത്‌.
ഏതായാലും ഖിലാഫത്തുപ്രസ്ഥനക്കാലത്ത്‌ കോട്ടം തട്ടാതെ നിന്ന സമുദായസൌഹാര്‍ദ്ദത്തിന്റെ അന്തരീക്ഷം ഈ ദേശീയ പ്രസ്ഥാനനേതാക്കന്മാരുമായുള്ള ബന്ധം കാരണം എലംകുളത്ത്‌ വളരെയേറെ മികവേറിയ രാഷ്ട്രീയോല്‍ബുദ്ധതയുടെ അടിത്തറയായി മാറി. ഇന്നും ഈ ഗ്രാമത്തില്‍ മത സൌഹാര്‍ദ്ദത്തിന്‌ ഭീഷണിയുണ്ടാക്കുന്ന സംഭവങ്ങളെക്കുറിച്ച്‌ വേവലാതിയില്ലാത്തതിന്‌ ഈ മഹത്‌ സമ്പര്‍ക്കം വലിയ സംഭാവന നല്‍കിയിട്ടുണ്ട്‌. പുന്നശ്ശേരി അവറാന്‍ ഹജു, പുന്നശ്ശേരി മരയ്ക്കാര്‍, വീരാന്‍ കുട്ടിമൊല്ല, കുയിലന്‍ മുഹമ്മദ്‌ തുടങ്ങി വളരെ പേര്‍ വിദ്യാഭ്യാസം കുറഞ്ഞവരെങ്കിലും ഈ നേതാക്കന്മാരുമായി ഇടപഴകാന്‍ അവസരം ലഭിച്ചവരാണ്‌.
1921-ലെ ഖിലാഫത്തിനെ തുടര്‍ന്ന്‌ ഉണ്ടായ കഷ്ടതകളും-കൃഷി ഇറക്കായും മറ്റും- 1924ലെയും 1941ലെയും വെള്ളപ്പൊക്കക്കെടുതികളും 1942ലെ കോളറയും 1939-45 കാലത്തെ യുദ്ധക്കെടുതിയും അതെത്തുടര്‍ന്നുള്ള ക്ഷാമവും എല്ലാം ഈ ഗ്രാമത്തിന്‌ സംഭവബഹുലമായ ഒരു സമീപകാലചരിത്രം നല്‍കുന്നതാണ്‌. അക്കാലങ്ങളിലെല്ലാം-പ്രത്യെകിച്ചും കോളറയിലും വെള്ളപ്പൊക്കത്തിലും-ജീവന്‍ വിലവെക്കാതെ സേവനത്തിനിറങ്ങിയ നിരവധിപേര്‍ ഈ ഗ്രാമത്തിലുണ്ട്‌. കോളറക്കാലത്തെ ശവം മറവുചെയ്യാന്‍ മുസ്ലീങ്ങളുടെ ഒരു മുന്‍കയ്യ്‌ ചിലേടങ്ങളില്‍ വലിയ ആശ്വാസം നല്‍കിയതായി പഴമക്കാര്‍ പറയുന്നുണ്ട്‌.
ഭൂവുടമ ബന്ധങ്ങളില്‍ വളരെ നേരത്തെ മാറ്റം വന്നു തുടങ്ങി.


1957ല്‍ ഇ.എം.എസ്‌ മന്ത്രിസഭ വന്ന കാലത്തുതന്നെ ഏലംകുളം മന വക സ്ഥലങ്ങളില്‍ കുറെ ഭാഗം (ചേലാമലയും മറ്റും) കൃഷിക്കാര്‍ക്ക്‌ നല്‍കി.
ഇ.എം.എസ്‌ 1940കളില്‍ തന്നെ കൃഷിഭൂമി കിട്ടിയ പ്രതിഭലത്തിന്‌ കൈവശക്കാര്‍ക്ക്‌ കൊടുത്തിരുന്നു. ഇങ്ങനെ കിട്ടിയ പ്രതിഭലം പാര്‍ട്ടിക്ക്‌ കൊടുത്തു. അത്‌ ഏലംകുളത്തുള്ള ജന്മി കുടിയാന്‍ ബന്ധങ്ങളില്‍ വലിയ മാറ്റമുണ്ടാക്കി.

ഇ.എമെസിന്റെ ഗുരുനാഥനായിരുന്ന ശ്രീ മനഴി ഗോവിന്ദന്‍ നായര്‍ മാസ്റ്റര്‍ ഏലംകുളം മനക്കാര്‍ക്കെതിരെ കേസ്സ്‌ നടത്തിയിരുന്നു. ഒഴിപ്പിക്കലിനെതിരായ നേരിടലുകളെ തുടര്‍ന്നുണ്ടായ കേസ്സുകളായിരുന്നു അവ. നിരവധി മുസ്ലീം കൃഷിക്കാര്‍ ഇങ്ങനെയുള കേസ്സുകളില്‍ മനഴി മാസ്റ്ററോടൊപ്പം കക്ഷി ചേര്‍ന്നിരുന്നു. ("ഇവരുടെ എണ്ണം ഒരവസരത്തില്‍ 16ലേറെ ആയിരുന്നു"-എന്ന്‌ ട്ടാട്ടന്‍). ഗ്രാമത്തിലെ കര്‍ഷക സംഘത്തിന്റെ പ്രവര്‍ത്തനവും ആദ്യകാലങ്ങളില്‍ തന്നെ ആരംഭിച്ചു. ജന്മിത്വത്തിന്നെതിരായ സമരത്തില്‍ ആ കാരണം കൊണ്ടു തന്നെ ഈ ഗ്രാമത്തില്‍ ഒരു മുന്‍കൈ ഉണ്ടായി. "കൃഷി ഭൂമി കൃഷിക്കാരന്‌" എന്ന മുദ്രാവാക്യം വളാരെ നേരത്തെ തന്നെ സാര്‍വ്വത്രികമായി. എഴുപതുകളില്‍ ജന്മിമാരില്ലാതായി.


കൃഷിഭൂമി കൃഷിക്കാരന്‌ ലഭിച്ചതിന്‌ പുറമെ അശരണരായ നിരവധി കുടുംബങ്ങള്‍ക്ക്‌ അഞ്ചോ പത്തോ സെന്റ്‌ കൈവശഭൂമി സ്വന്തമായി ലഭിച്ചു. ഇതവരുടെ ജീവിതത്തില്‍ അടിസ്ഥനപരമായി മാറ്റം വരുത്തി.
പട്ടാമ്പി കോളേജ്‌ അപ്ഗ്രേഡ്‌ ചെയ്തതും, ഒറ്റപ്പാലം കോളേജ്‌ വന്നതും ചുരുക്കം ചിലരുടെ വിദ്യഭ്യാസ നിലവാരം മെച്ചപ്പെടുത്തി. ഇപ്പോള്‍ ഒരു ശരാശരി രീതിയില്‍ ഗള്‍ഫ്‌ സ്വാധീനവും ഇവിടെ പ്രകടമാണ്‌. സജീവമായ ഒരു സാംസ്കാരിക രംഗവും, രാഷ്ട്രീയ രംഗവും ഏലംകുളത്തുണ്ട്‌. ജനകീയ ആസൂത്രണ പരിപാടിയില്‍ പൊതുപ്രവര്‍ത്തന രംഗത്തുള്ള എല്ലാവരും സജീവമായി സഹകരിച്ചുവരുന്നു. എന്നാല്‍ കാര്‍ഷികോല്‍പ്പാദന രംഗം വളരെ അലസവും ഉദാസീനവുമാണ്‌. ഈ മുരടിപ്പിനെ അതിജീവിച്ച്‌ സര്‍വ്വതോനുമുഖമായ മുന്നേറ്റം ഈ ജനകീയാസൂത്രണ പ്രവര്‍ത്തനത്തിലൂടെ കൈവരിക്കാന്‍ കഴിയുമെന്ന്‌ എല്ലാവരും പ്രത്യാശിക്കുന്നു.