Saturday 23 June, 2007

മണ്ണ്‌ പൊന്നാക്കി മാറ്റിയവര്‍

പഞ്ചായത്തിന്റെ ആറാം വാര്‍ഡില്‍ വടക്കു പടിഞ്ഞാറുഭാഗത്ത്‌ കിടക്കുന്ന ചീരട്ടാമലയുടെ ചെരിവ്‌ പ്രദേശമായ കോട്ടപറമ്പിലാണ്‌ കുടിയേറ്റ കൃഷിക്കാര്‍ ആദ്യം വന്നെത്തിയത്‌. 1947ല്‍ കോട്ടയത്തുനിനെത്തിയ ഏഴ്‌ കുടുംബങ്ങളായിരുന്നു ഏലംകുളത്തെ ആദ്യ കുടിയേറ്റ കര്‍ഷകര്‍. പുല്ലുകലായില്‍ വര്‍ഗീസ്‌, കയ്യാലകത്ത്‌ ചാക്കോ, പുളിമൂട്ടില്‍ ചെറിയാന്‍, കയ്യാലകത്ത്‌ കുര്യന്‍, പടിയറ ഐപ്പ്‌ എന്ന ചാണ്ടിപ്പിള്ള, പടിയ മാണി എന്ന ജോര്‍ജ്ജ്‌ എന്നീ ഏഴ്‌ പേരില്‍ പടിയറ ജോര്‍ജ്ജ്‌ മാത്രമേ ജീവിച്ചിരിപ്പുള്ളൂ. മുണ്ടെക്കാട്‌ സുപ്രന്‍ നമ്പൂതിരിയുടെ കാട്‌പിടിച്ചുകിടക്കുന്ന 88 എക്കര്‍ ഭൂമി കാണം ചാര്‍ത്തായി എടുത്തിട്ടാണ്‌ ഇവര്‍ കൃഷി ഇറക്കിയത്‌. കാടുവെട്ടിത്തെളിച്ച്‌ കാട്ടുപോത്തിനോടും കാട്ടുപന്നിയോടും മാരകരോഗങ്ങളോടും മല്ലടിച്ച്‌ ഇവര്‍ മണ്ണിനെ പൊനാക്കി മാറ്റി. ഒരു നേരത്തെ ആഹരത്തിനുപോലും വിഷമിച്ച ജീവിതമായിരുന്നു അന്നവരില്‍ പലര്‍ക്കും. കുരുമുളകും കപ്പയും വാഴയും റബ്ബറും കശുവണ്ടിയും കൃഷിചെയ്യേണ്ട വിധം അധ്വാനശീലരായ ഇവര്‍ ഇന്നാട്ടുകാരെ പഠിപ്പിച്ചുവെന്നുപറഞ്ഞാല്‍ തെറ്റില്ല. കഠിനാധ്വാനത്തിന്റെ പ്രതീകങ്ങളായിരുന്ന ഇവരെല്ലാം നാട്ടുകാര്‍ക്ക്‌ അക്കാരണം കൊണ്ടു തന്നെ പ്രിയപ്പെട്ടവരായി.

1960കളിലാണ്‌ ചീരട്ടാമലയിലേക്കുള്ള ചെമ്മണ്‍ പാത രൂപം കൊള്ളുന്നത്‌. ഇന്നും അത്‌ ചെമ്മണ്‍ പാത തന്നെയായി കിടക്കുന്നു. അടുത്തകാലത്ത്‌ എല്ലാം മാറി, ടാറിട്ടു.

No comments: