Saturday 23 June, 2007

വികസനപ്രവര്‍ത്തങ്ങളുടെ ചരിത്രം

വികസനപ്രവര്‍ത്തങ്ങളുടെ ചരിത്രം 1947-1961

സ്വാതന്ത്ര്യം കിട്ടിയകാലത്ത്‌ ഏലംകുളത്ത്‌ രൂക്ഷമായ ഭക്ഷണ ക്ഷാമമായിരുന്നു. ഇത്‌ ഏകദേശം 1956 വരെ നീണ്ടുനിന്നു. ഐക്യകേരളപ്പിറവിക്ക്‌ തൊട്ടുമ്ന്‍പുവരെ ഈ ക്ഷാമാവസ്ഥ നിലനിന്നിട്ടുണ്ട്‌.


1948-51 കാലത്ത്‌ ഈ ഗ്രാമത്തിലും കമ്യൂണിസ്റ്റ്‌ വേട്ടനടന്നിട്ടുണ്ട്‌. താമരശ്ശേരി ഉണ്ണിപ്പ, പാലേങ്ങള്‍ വീരാന്‍ കുട്ടി, മുള്ളത്ത്‌ രാമന്‍ നായര്‍, മുണ്ട്രപ്പള്ള്യാലില്‍ ഗോവിന്ദന്‍ നായര്‍, എം.പി.കുഞ്ഞികൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ അതിന്റെതായ വിഷമങ്ങള്‍ അനുഭവിച്ചിട്ടുണ്ട്‌. കമ്യൂണിസ്റ്റ്‌ പ്രസ്ഥാനവുമായി ബന്ധപ്പെട്ട്‌ സി.ജിനായര്‍, പി.വി കുഞ്ഞന്‍ വാരിയര്‍,സി.കെ.കൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ സജീവമായി രംഗത്തുണ്ടായിരുന്നു. ശ്രീ അവറാന്‍ ഹാജി പ്രധാന ലീഗ്‌ പ്രവര്‍ത്തകനായിരുന്നു. ആശയപരമായ പ്രവര്‍ത്തനമാണ്‌ നടത്തിയിരുന്നത്‌. രാഷ്ട്രീയ സൌഹാര്‍ദ്ദം നിലനിന്നിരുന്നു.

19526 മലബാര്‍ ഡിസ്ട്രിക്ട്‌ ബോര്‍ഡില്‍ തെരഞ്ഞെടുപ്പ്‌ നടന്നു. പി.ടി.ഭാസ്കരപ്പണിക്കരുടെ നേറ്റൃൗത്വത്തില്‍ പുതിയ ബോര്‍ഡ്‌ വന്നു. കുന്നക്കാവ്‌ എല്‍.പി സ്കൂള്‍, യു.പി. സ്കൂളായി ഉയര്‍ത്തി. പിന്നീട്‌ 1970കളുടെ അവസാനത്തോടെ അത്‌ ഹൈസ്കൂളായി ഉയര്‍ത്തി.

1951ല്‍ കുന്നക്കാവ്‌ പോസ്റ്റാഫീസ്‌ വന്നു. അതിനുമുന്‍പ്‌ ചെറുകരയിലായിരുന്നു പോസ്റ്റാഫീസ്‌. തപാല്‍ക്കാരന്‍ എപ്പോഴെങ്കിലുമേ മറ്റ്‌ പ്രദേശങ്ങളിലേക്ക്‌ എത്തിയിരുന്നുള്ളൂ.


1954 ഷൊര്‍ണ്ണൂര്‍ നിലമ്പൂര്‍ റെയില്വേ ലൈന്‍ പുനഃസ്ഥാപിക്കപ്പെട്ടു.(1939-40 കാലത്ത്‌ അത്‌ പൊളിച്ച്‌ ബ്രിട്ടനിലേക്ക്‌ കടത്തിയിരുന്നു)

1956ല്‍ മദിരാശി സംസ്ഥാനത്തെ മുഖ്യമന്ത്രിയായിരുന്നു കാമരാജ്‌ നാടാര്‍ ചെറുകരയില്‍ വന്നു. മലബാറിനോട്‌ വിടപറയാനുള്ള പര്യടനത്തിനിടയിലായിരുന്നു അത്‌.


1956 നവംബര്‍ ഒന്നിന്‌ ഐക്യകേരളപ്പിറവിക്ക്‌ എല്ലാ വിദ്യാലയങ്ങളുടെയും ആഭിമുഖ്യത്തില്‍ ഘോഷയത്രകള്‍ നടന്നു.
1957ല്‍ ഇ.എം.എസ്‌ മന്ത്രിസഭ അധികാരത്തില്വന്നു. ഒഴിപ്പിക്കല്‍ നിരോധനനിയമം വന്നു. ദരിദ്രവിഭാഗങ്ങള്‍ക്കിടയില്‍ വമ്പിച്ച മുന്നേറ്റവും ഉണര്‍വ്വുമുണ്ടായി. ചേലാമലയിലെ ഭൂമികള്‍ ഏലംകുളം മനക്കാരുടെ കൈവശത്തില്‍നിന്ന്‌ പലരുടെയും കൈവശത്തിലായി.
അക്കാലത്ത്‌ പെരിന്തല്‍മണ്ണ നിയോജക മണ്ഡലം എം.എല്‍.എ പി.ഗോവിന്ദന്‍ നമ്പ്യാരായിരുന്നു. തുടര്‍ന്നുള്ള തെരഞ്ഞെടുപ്പില്‍ ഇ.പി ഗോപാലന്‍ എം.എല്‍ എ ആയി.


1957ല്‍ തന്നെ രാമഞ്ചാടി പദ്ധതിക്കും മാവുണ്ട്രി പാലത്തിനുമുള്ള ശ്രമം ആരംഭിച്ചു. ശ്രീ കെ.എം.ജി പണിക്കര്‍ മൈനര്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മന്റ്‌ ഉദ്യോഗസ്ഥനും സാങ്കേതിക വിദഗ്ധനുമെന്ന നിലയില്‍ അക്കാലത്ത്‌ ഏലംകുളം പ്രദേശത്തെ പാടങ്ങളെല്ലാം സര്‍വെ നടത്തി. രാമഞ്ചാടി പദ്ധതിയുടെ ഗുണഫലം എവിടെയെല്ലാം എത്തുമെന്ന്‌ കണക്കാക്കിയത്‌ (ഏകദേശം 625 ഏക്ര) അക്കാലത്താണ്‌.
1959ല്‍ ഇ.പിയുടെ നേതൃത്വത്തില്‍ ചെറുകര-മുതുകുറുശ്ശി റോഡ്‌, ചെറുകര - നെല്ലായ റോഡാക്കാനും മാവുണ്ട്രി പാലം നിര്‍മ്മിക്കാനും ഒരു ശ്രമം നടക്കുകയുണ്ടായി. അനവധി വര്‍ഷങ്ങള്‍ക്കുശേഷം തൊണ്ണൂറുകളില്‍ (1989?) മാവുണ്ട്രി പാലം യാഥാര്‍ത്ഥ്യമായി.
രാമഞ്ചാടി ഇന്നും ശാപമോക്ഷം കിട്ടാതെ കിടപ്പാണ്‌. പദ്ധതി തുടങ്ങിയെങ്കിലും 20 ശതമാനം പോലും ജലസേചന സൌകര്യം ഉപയോഗപ്പെടുത്താന്‍ കഴിയുന്നില്ല.

No comments: