Saturday, 23 June, 2007

പഞ്ചായത്തിന്റെ പ്രവര്‍ത്തന ചരിത്രം

പഞ്ചായത്തിന്റെ പ്രവര്‍ത്തന ചരിത്രം 1961-1995
സര്‍ക്കാര്‍ പ്രഖ്യാപനപ്രകാരം 21-11-1961 മുതല്‍ നിലവില്‍വന്ന ഏലംകുളം പഞ്ചായത്തില്‍ അതേവരെ ഏലംകുളം അംശം എന്ന ഭരണവിഭാഗത്തില്‍ ഉള്‍പ്പെട്ട പ്രദേശവും എരവിമംഗലം അംശത്തിലെ കിഴുങ്ങത്തോള്‍, അവുഞ്ഞിക്കാട്‌ ദേശങ്ങളും ആണ്‌ ഉള്‍പ്പെടുത്തിയിരുന്നത്‌. 21-11-1961 മുതല്‍ 21-12-1963 വരെ ഉദ്യോഗസ്ഥ ഭരണമായിരുന്നു. ആദ്യത്തെ എക്സിക്യുട്ടീവ്‌ ഓഫീസര്‍ തിരുവനന്തപുരം നെടുമങ്ങാട്ടു സ്വദേശി ശ്രീ അബ്ദുല കരീമിനെ നാട്ടുകര്‍ ഇപ്പോഴും ഓര്‍ക്കുന്നു. ഏലംകുളം പന്‍ചായത്ത്‌തോഫീസിന്‌ സ്ഥലം വാങ്ങിയതും ഓഫീസ്‌ കെടിടം നിര്‍മ്മിച്ചതും അക്കാലത്താണ്‌. താമരശ്ശേരി കുഞ്ഞയമ്മുവിന്റെ വീട്ടുവളപ്പില്‍ നിന്ന്‌ സ്ഥലം വിലക്ക്‌ വാങ്ങിയാണ്‌ ഇന്നത്തെ ഓഫീസ്‌ കെട്ടിടം നിര്‍മ്മിച്ചത്‌. പ്രാതമികാരോഗ്യ കേന്ദ്രത്തിന്റെ കാര്യത്തിലെന്നപോലെ ഇക്കാര്യത്തിലും മുന്‍കൈ എടുത്തത്‌ ശ്രീ വീരാന്‍ കുട്ടിമൊല്ലയാണ്‌. പഞ്ചായത്ത്‌-പാലേങ്ങില്‍ ഒപടി റോഡ്‌, പാലേങ്ങില്‍ പടി-ഏലംകുളം സൌത്ത്‌ സ്കൂള്‍ റോഡ്‌, പാലേങ്ങില്‍ പടി-തായിപ്പടി-മുണ്ട്രക്കുന്ന്‌ റോഡ്‌ എന്നിവയുടെ പ്രാഥമികപ്രവര്‍ത്തനം അക്കാലത്ത്‌ നടന്നു. എല്ലാം ശ്രമദാനങ്ങളായിരുന്നു. ശ്രമദാനപ്രവര്‍ത്തങ്ങള്‍ക്ക്‌ നാട്ടുകാരോടൊപ്പം എക്സിക്യൂട്ടീവ്‌ ഓഫീസറും മുന്നിട്ടിറങ്ങിയിരുന്നു.


1963 ഡിസംബര്‍ 12ന്‌ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ബോര്‍ഡ്‌ നിലവില്വന്നു. 1964 ജനുവരി ഒന്നിനാണ്‌ അധികാരമേറ്റത്‌. ശ്രീ പി.കെ മൊയ്തീന്‍ കുരിക്കള്‍ ആയിരുന്നു പ്രസിഡണ്ട്‌. 1965,66 വര്‍ഷങ്ങളില്‍ കേരളത്തില്‍ പ്രസിഡണ്ട്‌ ഭരണവും അഡ്വൈസര്‍ ഭരണവും മറ്റുമായിരുന്നു. 1967ല്‍ രണ്ടാം ഇ.എം.എസ്‌ മന്ത്രിസഭ അധികാരത്തില്‍ വന്നു. പാലോളി മുഹമ്മദ്‌ കുട്ടി പെരിന്തല്‍മണ്ണ എം.ഇല ആയി. ഇംബിച്ചി ബാവ ഗതാഗത വകുപ്പ്‌ മന്ത്രിയുമായി. ഇക്കാലത്ത്‌ ഏലംകുളത്ത്‌ ഒരു വികസനസമിതി രൂപം കൊണ്ടു. ശ്രീ പുതുമന വാസുദേവന്‍ നമ്പൂതിരി പ്രസിഡന്റും വി.പി.ഗോവിന്ദന്‍ കുട്ടി സെക്രട്ടറിയുമായിരുന്ന ഏലംകുളം പഞ്ചായത്ത്‌ വികസന സമിതിയില്‍ എം.എം അഷ്ടമൂര്‍ത്തി, മാടാല കുഞ്ഞമ്മു മാസ്റ്റര്‍, താമരശ്ശേരി വാപ്പു തുടങ്ങിയവര്‍ മുന്‍നിന്നു പ്രവര്‍ത്തിച്ചു. ശ്രീ മൊയ്തീന്‍ കുരിക്കള്‍, പി.വി കുഞ്ഞന്‍ വാരിയര്‍ എന്നിവരടങ്ങുന്ന പഞ്ചായത്ത്‌ ബോര്‍ഡും പ്രസ്തുത വികസന സമിതിയും സഹകരിച്ച്‌ കക്ഷിരാഷ്ട്രീയത്തിനതീതമായി വികസനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.


ഇമ്പിച്ചിബാവയുടെ പ്രത്യേക താല്‍പ്പര്യത്തിലും പാലോളി മുഹമ്മദ്‌ കുട്ടിയുടെ ശ്രമത്തിലും ചെറുകര-മുതുകുറുശ്ശി റോഡ്‌ ഗതാഗത്റ്റയോഗ്യമാക്കുന്നതിന്നും എലംകുളത്ത്‌ റെയില്‍വേ ലെവല്‍ ക്രോസ്സ്‌ നിര്‍മ്മിക്കുന്നതിനുമുള്ള ശ്രമം ആരംഭിച്ചു. ശ്രീ മലയാറ്റൂ രാമകൃഷ്ണന്റെ പ്രക്ത്യാത നോവലായ "യന്ത്ര"ത്തില്‍ ഈ റോഡിനെ കുറിച്ച്‌ പരമാര്‍ശിക്കുന്നുണ്ട്‌. 1968ലാണ്‌ ഏലംകുളം റെയില്‍വേ ഗേറ്റിനുകിഴക്കുവരെ വാഹനഗതാഗതം സാധ്യമായത്‌. 14.3.1968ന്‌ പുളിങ്കാവിലെ രാഘവന്‍ നായര്‍ ഏലംകുളത്തേക്ക്‌ കാറോടിച്ചെതിയ രംഗം വിവരിക്കുമ്പോള്‍ അന്നത്തെ വികസനസമിതി പ്രവര്‍ത്തകര്‍ ഇന്നും വികാരഭരിതരാകുന്നു.
1970ലെ തെരഞ്ഞെടുപ്പില്‍ ശ്രീ കെ.കെ.എസ്‌ തങ്ങള്‍ എം.എല്‍.എ ആയി. വികസന സമിതിയുടെ ശ്രമങ്ങള്‍ കക്ഷിരാഷ്ട്രീയത്തിന്നതീതമായി തുടര്‍ന്നു. അഞ്ചുകൊല്ലക്കാലത്തേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ബോര്‍ഡ്‌ 28-8-1979 വരെ അധികാരത്തിലിരുന്നു. 1968-69 ല്‍ ചെറുകര-മുതുകുറുശ്ശി റോഡ്‌ ഗതാഗതയോഗ്യമായതിനെ തുടര്‍ന്നാണ്‌ വികസനപ്രവര്‍ത്തനങ്ങള്‍ ഏലംകുളത്ത്‌ സാധ്യമാകുന്നത്‌. 1968ന്‌ ശേഷം ഏലംകുളം റെയില്‍വെ ഗേറ്റ്‌, കുന്നകാവ്‌ ഗവ്‌ഃഐസ്കൂള്‍,ഗവ.സിദ്ധവൈദ്യ ഡിസ്പന്‍സറി,ഐ.പി.ഡി.യൂണിറ്റ്‌, ലക്ഷം വീട്‌ കോളനി എന്നിവ നിലവില്‍ വന്നു. ചെറുകര-മുതുകുറുശ്ശി റോഡ്‌ ടാര്‍ ചെയ്തു. ഏലംകുളം റെയില്‍വെ ഗേറ്റില്‍ നാലുഭാഗം റെയില്‍വെ സ്ഥലം 250 മീറ്റര്‍ വീതം നീളത്തില്‍ രണ്ട്‌-മൂന്ന്‌ മീറ്റര്‍ ഉയരത്തിലുള്ള റെയില്‍വെ കട്ടിംഗ്‌ ശ്രമദാനയഞ്ജത്തിലൂടെ കിളച്ചുനീക്കിയതും അക്കാലത്ത്‌ എല്ലാവരേയും വിസ്മയിപ്പിച്ച കാര്യമായിരുന്നു. ഏലംകുളവുമായി ബന്ധപ്പെടാനിടവന്ന എല്ലാ റെയില്‍വെ പി.ഡബ്ല്യൂ.ഡി ഉദ്യോഗസ്ഥന്മാരിലും യാത്രക്കാരിലും മറ്റുഗ്രാമക്കാരിലും ഇത്‌ വമ്പിച്ച മതിപ്പുളവാക്കി. ആയിരക്കണക്കിന്‌ മനുഷ്യാധ്വാനം തുടര്‍ച്ചയായി സംഘടിപ്പിച്ചതിന്റെ ഫലമായാണ്‌ ലവല്‍ ക്രോസ്സിന്റെ ഇരുവശവും ലവല്‍ ആയത്‌. രൂക്ഷമായ കക്ഷിരാഷ്ട്രീയ ചേരിതിരിവിന്റെ ഇടയില്‍തന്നെയായിരുന്നു, ഈ സംഘടിതമായ അദ്ധ്വാനോത്സവം നടന്നത്‌. ഉദ്യോഗസ്ഥന്മാരിലും മറ്റും ഇത്‌ ആവേശമുണ്ടാക്കി. അവരുടെ സഹകരണവും അക്കാലത്ത്‌ നല്ലപോലെ ഉണ്ടായി. അക്കാലത്തെ എക്സിക്യുട്ടീവ്‌ ഓഫീസറായിരുന്നു ജി.ശിവശങ്കാന്‍ നായര്‍ റെയില്‍വേ ഗേറ്റ്‌ സ്ഥാപിക്കുന്നതിനാവശ്യമായ പണം ആവശ്യമെങ്കില്‍ പഞ്ചായത്ത്‌ കെട്ടിവെയ്ക്കാമെന്ന സമ്മതപത്രം എഴുതി അയച്ചത്‌ ക്രമത്തിലല്ലെന്നും മറ്റും പറഞ്ഞ്‌ പില്‍ക്കാലത്ത്‌ അദ്ദേഹത്തിന്റെ പെന്‍ഷന്‍ കിട്ടുന്നതിലും മറ്റും കാലതാമസമുണ്ടാക്കാന്‍ ബ്യൂറോക്രസി ശ്രമിച്ചുവെങ്കിലും അക്കാലത്ത്‌ എല്ലായിടത്തു നിന്നും സഹകരണം ലഭിച്ചു. കുടിവെള്ളം വൈദ്യുതി എന്നിവ പഞ്ചായത്തില്‍ എത്തിക്കുന്നതിലുള്ള ശ്രമവും ആദ്യത്തെ ബോര്‍ഡിന്റെ കാലത്തുതന്നെ ആരംഭിച്ചു. വികസനസമിതിയുടെ മുന്‍നിന്ന പ്രവര്‍ത്തനം ഇക്കാര്യങ്ങളിലും ഉണ്ടായിരുന്നു. ലെവല്‍ ക്രോസ്സിങ്ങിന്റെ കടം തീര്‍ക്കാന്‍ എന്‍. എന്‍. പിള്ളയുടെ നാടകം (ക്രോസ്സ്‌ ബെല്‍റ്റ്‌) ടിക്കറ്റ്‌ വെച്ച്‌ കളിച്ചിട്ടുണ്ട്‌ എന്ന പറഞ്ഞാല്‍ അന്നത്തെ പ്രവര്‍ത്തനത്തിന്റെയും ഐക്യത്തിന്റെയും ഒരു ഏകദേശചിത്രം പുതിയ തലമുറക്ക്‌ കിട്ടും.

പി.വി കുഞ്ഞിയന്‍ വാരിയര്‍,വി അലവി ഹാജി, എം.എം അഷ്ടമൂര്‍ത്തി, മാടാല ഉമ്മര്‍ ഹാജി, എം.പി.കുഞ്ഞന്‍, പുന്നശ്ശേരി ബാപ്പു ഹാജി, വിശാലാക്ഷിയമ്മ എന്നിവരായിരുന്നു ആദ്യത്തെ ബോര്‍ഡിലെ മെമ്പര്‍മാര്‍. ഇതില്‍ എം.എം. അഷ്ടമൂര്‍ത്തിയും വിശാലാക്ഷിയമ്മയും വിദ്യാഭ്യാസനിയമത്തിലുണ്ടായ ചില നിബന്ധനകളെ തുടര്‍ന്ന്‌ 1964ല്‍ പഞ്ചായത്ത്‌ മെംബര്‍സ്ഥനങ്ങള്‍ രാജിവെച്ചു. വനിതാമെംബര്‍ സ്ഥാനത്തേക്ക്‌ എം.പി. ഭാര്‍ഗവിയമ്മ നോമിനേറ്റ്‌ ചെയ്യപ്പെട്ടു. ടി.സി വാസുദേവന്‍ തിരഞ്ഞെട്ടുപ്പിലൂടെ മെംബറായി.

1977ല്‍ ശ്രീ പി.കെ മൊയ്തീന്‍ കുരുക്കള്‍ നിര്യാതനായതിനെ തുടര്‍ന്ന് പുന്നശ്ശേരി ബാപ്പു ഹാജി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1979 വരെ അദ്ദേഹം തല്‍സ്ഥനത്ത്‌ തുടര്‍ന്നു.
28-9-1979ന്‌ പുതിയ തെരഞ്ഞെടുപ്പിലൂടെ എം.എം അഷ്ടമൂര്‍ത്തി പ്രസിഡന്റായുള്ള ബോര്‍ഡ്‌ അധികാരത്തില്‍ വന്നു. കക്ഷി രാഷ്ട്രീയത്തിനതീതമായി വികസനപ്രവര്‍ത്തനങ്ങളില്‍ ആളുകളെ സഹകരിപ്പിക്കുക എന്ന ആശയം കൂടുതല്‍ പ്രാവര്‍ത്തികമാക്കാന്‍ ഇക്കാലത്ത്‌ സാധിച്ചു. ഡിപ്പാര്‍റ്റ്മെന്റുകളെ കാത്തുനില്‍ക്കാതെ ജനങ്ങള്‍ തങ്ങള്‍ക്ക്‌ ആവശ്യമായത്‌ കഴിയുന്ന വിധത്തില്‍ ചെയ്തുതീര്‍ക്കുക എന്ന രീതി തുടങ്ങി.

അധികാരമില്ലായ്മയും ഫണ്ടില്ലായ്മയുമാണ്‌ പഞ്ചായത്തിന്റെ നിസ്സഹായതയെന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇവിടെ മനസ്സിലാക്കി. ഈ ഐക്യം നിലനിന്നപ്പോഴും പഞ്ചായത്ത്‌ തെരഞ്ഞെടുപ്പുകളില്‍ കക്ഷിരാഷ്ട്രീയത്തെ ആസ്പദമാക്കി സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചു. 1977ല്‍ മിക്കവാറും പഞ്ചായത്തുകളില്‍ നിന്ന്‌ വ്യത്യസ്തമായി ഇവിടെ സ്ഥാനാര്‍ത്ഥികള്‍ പാര്‍ട്ടി ചിഹ്നങ്ങളില്‍ തന്നെയാണ്‌ മത്സരിച്ചത്‌. വികസനപ്രവര്‍ത്തനങ്ങളില്‍ ഐക്യപ്പെട്ട ശ്രമം ഉണ്ടായി അതിന്റെ ഫലമായാണ്‌ റോഡുകള്‍, കുടിവെള്ള, വിദ്യുച്ഛക്തി തുടങ്ങിയ രംഗങ്ങളില്‍ ചിലെ നേട്ടങ്ങള്‍ ഇക്കാലത്തുണ്ടാക്കാന്‍ കഴിഞ്ഞത്‌.

മുതുകുറുശ്ശി-കടന്നേങ്കാവ്‌ റോഡ്‌, കുതിരപ്പാറ റോഡ്‌, മണലായ റോഡ്‌, മല്ലിശ്ശേരി-പള്ളിപ്പടി-ആക്കപ്പറമ്പ്‌-റെയില്‍വേ ലൈന്‍ റോഡ്‌, പള്ളത്തുപടി റോഡ്‌, പാലേങ്ങല്‍ പടി-മനയ്ക്കല്‍ പടി റോഡ്‌, പുളോള്‍പുര കോളനി റോഡ്‌, കുപ്പുത്ത്‌ റോഡ്‌, ചെറുകര-പാറേങ്ങാട്‌ റോഡ്‌, ചെറുകര-ചെറുപനങ്ങാട്‌ റോഡ്‌, എന്നിവയുടെ പണി ഇക്കാലത്ത്‌ നടന്നു. ഏലംകുളം സ്റ്റേഡിയത്തിന്‌ സ്ഥലം ഏറ്റെടുത്തത്‌ രണ്ടാമത്തെ ബോര്‍ഡിന്റെ കാലത്താണ്‌. പഞ്ചായത്തില്‍ വ്യാപകമായി പൈപ്പ്‌ ലൈനുകള്‍ ഇട്ടതും ഇക്കാലത്താണ്‌. പഞ്ചായത്താഫീസ്‌ പടി-മുതുകുറുശ്ശി വരെയുള്ള പബ്ലിക്ക്‌ റോഡിലെ കുടിവെള്ള ലൈന്‍ ഇക്കാലത്ത്‌ നിലവില്‍ വന്നു. മുണ്ട്രകൂത്ത്‌, ആറാട്ടുകുന്ന്,പുളോള്‍പുര,പാറോള്‍പുര,ംണ്ടേത്തൊടി,തച്ചട്ടുപുര,കാവുംബുറം,കക്കാട്ട്‌ കുന്ന്‌,നെല്ലിപ്പറ്റ,നെല്ലിയാം കുന്ന്‌,വട്ടപ്പറമ്പ്‌, എന്നിവിടങ്ങളില്‍ ഇക്കാലത്ത്‌ പൈപ്പ്‌ ലൈന്‍ എത്തി. 1.ചെങ്ങോടത്ത്‌ ചക്കന്‍ 2. മാടാല ഉമ്മര്‍ ഹാജി 3.കെ സരോജനി 4. എം എം അഷ്ടമൂര്‍ത്തി 5.ബാപ്പു ഹാജി 6.സി കുന്‍ഹിരാമന്‍ 7.മലയങ്ങാട്ടില്‍ മുഹമ്മദ്‌ (വാപ്പു)8. ഇ.എമ്പരമേശ്വരന്‍ (വേണു) എന്നിവരായിരുന്നു രണ്ടാമത്തെ ബോര്‍ഡിലെ മെമ്പര്‍മാര്‍.


1988-94 കാലത്ത്‌ മൂന്നാമത്തെ ബോര്‍ഡ്‌ നിലവില്‍ വന്നു. എം.എം അഷ്ടമൂര്‍ത്തി പ്രസിഡന്റും താമരശ്ശേരി വാപ്പു വൈസ്‌ പ്രസിഡന്റുമായിരുന്ന ബോര്‍ഡില്‍ പി. ഹസ്സന്‍, പി.കെ അലീമ, എന്‍.പി മുഹമ്മദ്‌, വി.എം ഫാതിമാബി, എന്‍. കുന്‍ഹാമു, എന്‍.സി വാസുദേവന്‍, സി.കുന്‍ഹിരാമന്‍ എന്നിവര്‍ അംഗങ്ങളായിരുന്നു. ശ്രീ എന്‍.പി.മുഹമ്മദിന്റെ തമരശേരി വാപ്പുവിന്റെയും അകാല ചരമങ്ങള്‍ ഇക്കാലത്ത്‌ ഈ പഞ്ചായത്തിനുതന്നെ ഉണ്ടായ അത്യാഹിതങ്ങളായി. രണ്ടുപേരും വികസനപ്രവര്‍ത്തങ്ങങ്ങളില്‍ മുനിന്നു പ്രവര്‍ത്തിച്ചവരായിരുന്നു. എലംകുളം മാട്ടയി റോഡ്‌ യാഥര്‍ത്ഥ്യമാക്കുന്നതില്‍ എന്‍.പി മുഹമ്മദ്‌ വഹിച്ച നേത്‌^ത്വപരമായ പങ്ക്‌ വളരെ വലുതാണ്‌. റോഡ്‌ കമ്മറ്റിക്കെതിരെ നിലവില്‍ വന്ന കേസുകള്‍ പിന്വലിപ്പിച്ച്‌ ഒരു തീര്‍പ്പുണ്ടാക്കുന്നതില്‍ അദ്ദേഹം മുന്‍കയ്യെടുത്തു. മരണത്തിനുതൊട്ടുമുന്‍പാണ്‌ കേസ്സുകള്‍ പിന്‍വലിക്കപ്പെട്ടതും റോഡിന്റെ തടസ്സങ്ങള്‍ നീങ്ങിയതും. 1967ലെ വികസന സമിതിയുടെ കാലം മുതല്‍ ഏലംകുളത്തെ വികസനപ്രവര്‍ത്തനങ്ങളില്‍ മുന്‍ നിന്ന്‌ പ്രവര്‍ത്തിച്ചയാളാണ്‌ താമരശ്ശേരി വാപ്പു. മരണത്തിന്‌ തൊട്ടുമുന്‍പ്‌ തോണിക്കടവ്‌ റോഡിന്റെയും മനക്കല്‍ കടവ്‌ റോഡിന്റെയും കര്യത്തില്‍ പ്രത്യെക്‌ താല്‍പ്പര്യമെടുത്ത്‌ പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം. രണ്ടുപേരുടെയും മരണം പഞ്ചായത്തിന്‌ പൊതുവേയും വികസനപ്രവര്‍ത്തനങ്ങള്‍ക്ക്‌ പ്രത്യേകിച്ചും നികത്താനാവാത്ത നഷ്ടമാണ്‌. വാപ്പുവിന്റെയും എന്‍.പി മുഹമ്മദിന്റെയും സ്ഥാനങ്ങളിലേക്ക്‌ പിന്നീട്‌ തെരഞ്ഞെടുപ്പ്‌ നടക്കുകയുണ്ടായില്ല.


മുതുകുറുശ്ശിയിലെ സാംസ്കാരിക നിലയം, ഏലംകുളം പ്രാഥമിക ആരോഗ്യകേന്ദ്രം, ചെറുകരയിലെ സ്റ്റേഡിയം എന്നിവയും ഇക്കലത്ത്‌ നിലവില്‍ വന്നു. ഏലംകുളം പി.എച്ച്‌.സി സെന്ററിന്‌ ആവശ്യമായ സ്ഥലം 1979-84 കാലത്തെ ബോര്‍ഡില്‍ അംഗമായിരുന്ന് ഇ.എം പരമേശ്വരന്‍ നമ്പൂതിരിപ്പാട്‌ സൌജന്യമായി നല്‍കിയതാണ്‌. ഏലംകുളം വികസനത്തിന്റെ ചരിത്രത്തില്‍ ഈ ആശുപത്രിയുടെ നിര്‍മ്മാണം ഒരു പ്രധാനസംഭവമാണ്‌. സ്വാതന്ത്ര്യം ലഭിച്ച്‌ 40 വര്‍ഷത്തിനുശേഷം ആണ്‌ ആധുനിക ചികിത്സയുള്ള ഒരാശുപത്രി നമുക്ക്‌ ലഭിക്കുന്നത്‌. ഇപ്പോഴും അതില്‍ ഡോക്ടറും മരുന്നും ആവശ്യത്തിനില്ല എന്ന ബാലാരിഷ്ടത തീര്‍ന്നിട്ടില്ല.
1 ചെറുകര ഗേറ്റ്‌-കുന്നക്കാവ്‌ റോഡ്‌, 2. എടയ്ക്കല്‍ പടി റോഡ്‌ 3. തോണിക്കടവ്‌ റോഡ്‌ 4. ഏലംകുളം മാട്ടയ്‌ പാലത്തോള്‍ റോഡ്‌ എന്നിവ ഇക്കാലത്ത്‌ പണിചെയ്തു. പഞ്ചായത്താഫീസ്‌ റോഡ്‌ ടാരിങ്ങും ഇക്കാലത്ത്‌ നടന്നു. പഞ്ചായത്ത്‌ സ്വന്തം ചെലവില്‍ പെരുമ്പറമ്പ്‌ ശുദ്ധജലവിതരണ പദ്ധതി ഉണ്ടാക്കിയതും ഇക്കാലത്താണ്‌.

18.3.1994 ഈ പഞ്ചായത്ത്‌ ബോര്‍ഡ്‌ പിരിച്ചുവിടപ്പെട്ടു. പിന്നീട്‌ 95 ഒക്ടോബര്‍ രണ്ടിന്‌ പുതിയ ബോര്‍ഡ്‌ അധികാരത്തില്‍ വരുന്നതുവരെ ഉദ്യോഗസ്ഥഭരണമായിരുന്നു.

No comments: